നെന്മാറ: വിത്തനശേരിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പഴം- പച്ചക്കറി സംഭരണ- വിപണനകേന്ദ്രം വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നതിനെതിരേ പ്രതിഷേധവുമായി കർഷകർ.
കാർഷിക മേഖലയായ നെന്മാറ ബ്ലോക്ക് പരിധിയിലെ നൂറുകണക്കിന് കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്ന കേന്ദ്രം അഞ്ചു വർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണെന്നും, ഇത് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം.
2015- 16 സാമ്പത്തിക വർഷത്തിൽ മലയോര വികസന ഏജൻസിയുടെ (ഹാഡ) സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച കേന്ദ്രം, മേഖലയിലെ പഴം-പച്ചക്കറി ഉൽപാദകർക്ക് വിപണന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. നെന്മാറ കൃഷിഭവനുമായി സഹകരിച്ചായിരുന്നു കർഷകർ ഉൽപാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ കേന്ദ്രത്തിലെത്തിച്ചിരുന്നത്.
ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് ന്യായവില ഉറപ്പാക്കുക, ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുക, വിവിധ പ്രദേശങ്ങളിലെ കർഷകർ തമ്മിൽ ഉത്പന്ന വിനിമയം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പദ്ധതിക്ക് രൂപം നൽകിയിരുന്നത്.
അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി തുടക്കത്തിൽ മികച്ച പ്രതികരണമാണ് നേടിയത്. പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്രത്തിലെത്തിക്കുകയും, പകരമായി മറ്റ് കർഷകർ എത്തിക്കുന്ന വിവിധ ഇനങ്ങൾ നിശ്ചിത വിലയുടെ അടിസ്ഥാനത്തിൽ കൈമാറുകയും ചെയ്യുന്ന രീതിയായിരുന്നു ഇവിടെ നടപ്പാക്കിയിരുന്നത്. ഓരോ ഉത്പന്നത്തിനും പ്രത്യേകം വില നിശ്ചയിച്ചിരുന്നതിനാൽ കർഷകർക്ക്
ന്യായമായ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രവർത്തനം ആരംഭിച്ച് നാല് വർഷം പിന്നിട്ടതോടെ വിവിധ കാരണങ്ങളാൽ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. അതിനുശേഷം കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതോടെ സമീപ പ്രദേശങ്ങളിലെ കർഷകർ വീണ്ടും സ്വകാര്യ ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.